നിങ്ങളുടെ മകന്റെ യോഗ്യത എന്താണ്; അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍

ന്യൂഡല്‍ഹി; ബിസിസിഐ സെക്രട്ടറിയാകാന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കുളളള യോഗ്യത എന്താണെന്ന് ജെഎന്‍യു മുന്‍ പ്രസിഡണ്ടും സിപിഐ നേതാവുമായ കനയ്യ കുമാര്‍. ജെഎന്‍യുവില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നവര്‍ ആദ്യം ജയ് ഷായ്ക്കുളളള യോഗ്യത വ്യക്തമാക്കണുമെന്നും അദ്ദേഹം പറഞ്ഞു.

”എന്താണ് യോഗ്യതയെന്ന് ഞാന്‍ പറഞ്ഞു തരാം. ദരിദ്രരില്‍ ദരിദ്രരായ വിഭാഗങ്ങളില്‍ നിന്നും പിന്നാക്ക മേഖലകളില്‍ നിന്നുമുള്ള കുട്ടികള്‍ പഠനത്തിനായി ഈ സര്‍വകലാശാലയില്‍ എത്തുന്നതാണ് മെറിറ്റ്. കലഹണ്ടിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇവിടെയെത്തുന്നു. ഇതുവരെ വൈദ്യുതി പോലും കടന്നുചെന്നിട്ടില്ലാത്ത മേഖലകളാണ് അത്. അത്തരം പ്രദേശങ്ങളില്‍ നിന്നുള്ളവര്‍, ഇംഗ്ലീഷ് പഠിച്ച്, പ്രവേശന പരീക്ഷയില്‍ ജയിച്ച്, പ്രവേശനം നേടുന്നു, ”കനയ്യ പറഞ്ഞു.

”നിങ്ങള്‍ യോഗ്യതയെ കുറിച്ച് സംസാരിക്കുന്നു. നിങ്ങളുടെ മകന്റെ യോഗ്യത എന്താണ്? ജയ് ഷായുടെ യോഗ്യത എന്താണ്? അവന്റെ മുഖം അമിത് ഷായുടെ കാര്‍ബണ്‍ പകര്‍പ്പാണെന്നതൊഴിച്ചാല്‍, ആ മനുഷ്യന്റെ യോഗ്യത എന്താണ്? അയാളെ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറി ആക്കിയത്? ‘ വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് കനയ്യ കുമാര്‍ ചോദിച്ചു.

Exit mobile version