‘ഇന്ത്യന്‍ ജനത നിഷ്‌കളങ്കരാണ്, അതുകൊണ്ടാണ് മോഡി സര്‍ക്കാറിന് അവരെ പറ്റിക്കാന്‍ സാധിക്കുന്നത്’; പി ചിദംബരം

രാജ്യത്തെ രണ്ട് പ്രമുഖ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ജനങ്ങള്‍ അത് കണ്ണും പൂട്ടി വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനത നിഷ്‌കളങ്കരാണെന്നും അതുകൊണ്ടാണ് മോഡി സര്‍ക്കാറിന് അവരെ ഓരോ പദ്ധതികളുടെ പേര് പറഞ്ഞ് പറ്റിക്കാന്‍ സാധിക്കുന്നതെന്ന് മുതിര്‍ന്ന മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്യത്തെ രണ്ട് പ്രമുഖ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ജനങ്ങള്‍ അത് കണ്ണും പൂട്ടി വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതീകരിച്ചെന്ന അവകാശവാദങ്ങളും ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങളിലും ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനവും വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്‌കളങ്കതയുടെ ഏറ്റവും വലിയ തെളിവുകള്‍ എന്നും ചിദംബരം പറഞ്ഞു. അത്തരത്തിലാണ് പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കാര്യവും.

ഡല്‍ഹിക്കാരാനായ എന്റെ ഡ്രൈവറുടെ അച്ഛന് ഒരിക്കല്‍ സര്‍ജറിയുടെ ആവശ്യം വന്നു. ‘ആയുഷ്മാന്‍’ കാര്‍ഡ് ഉണ്ടോ എന്ന് ഞാന്‍ ഡ്രൈവറോട് ചോദിച്ചു. അവന്‍ എനിക്ക് ആ കാര്‍ഡ് കാണിച്ചു തന്നു. എന്നാല്‍ അച്ഛന്റെ സര്‍ജറിക്കായി ആ കാര്‍ഡ് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ആയുഷ്മാന്‍ കാര്‍ഡ് കാണിച്ചപ്പോള്‍ ഇങ്ങനെ ഒരു പദ്ധതിയെ കുറിച്ച് അവര്‍ക്ക് അറിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍ ആയുഷ്മാന്‍ കാര്‍ഡ് പദ്ധതി ഇന്ത്യയില്‍ എല്ലായിടത്തും നടപ്പിലാക്കിയെന്നാണ് ഇന്ത്യക്കാര്‍ എല്ലാവരും വിശ്വസിക്കുന്നത്’ എന്നാണ് പി ചിദംബരം തെളിവ് പറഞ്ഞത്.

Exit mobile version