‘പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്’; രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി

ഇന്ത്യന്‍ എക്പ്രസ് സംഘടിപ്പിച്ച 'തിങ്ക് എഡ്യൂ' കോണ്‍ക്ലോവിലാണ് സ്മൃതി ഇറാനി ദീപികയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ആക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്പ്രസ് സംഘടിപ്പിച്ച ‘തിങ്ക് എഡ്യൂ’ കോണ്‍ക്ലോവിലാണ് സ്മൃതി ഇറാനി ദീപികയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.

‘ദീപിക പദുകോണിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് എനിക്ക് അറിയണം. എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെയാണ് ദീപിക കൂടിയതെന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. 2011 ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത് മുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതാണ്. ജനങ്ങള്‍ ഇപ്പോള്‍ ഇത് കണ്ട് അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ കാര്യം അറിയാത്തത് കൊണ്ടാണ്’ എന്നാണ് സ്മൃതി ഇറാനി പരിപാടിയില്‍ പറഞ്ഞത്.

ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്.

Exit mobile version