ജെഎന്‍യു ആക്രമണം; അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്

ന്യൂഡല്‍ഹി; ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തിയ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ക്രൈംബ്രാഞ്ച് അറിയിച്ചു. ജെഎന്‍യു ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസ് എങ്ങും എത്താത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതേസമയം ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വിസി ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ സമരം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തെയാറായത്. എന്നാല്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മാര്‍ച്ച് നടത്തിയിരുന്നു. ഇത് പോലീസ് തടഞ്ഞതോടെ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ നീക്കംചെയ്യാന്‍ ശ്രമിച്ചതോടെ പോലിസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലിസ് വിദ്യാര്‍ഥികള്‍ക്ക് നേരേ ലാത്തിവീശി. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തുനീക്കുകയാണ്.

Exit mobile version