പ്രതിഷേധത്തെ ഭയന്ന് മോഡി! അസമിലെ സന്ദര്‍ശനം റദ്ദാക്കി; ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിന് എത്തില്ല

തിഷേധം കണക്കിലെടുത്ത് മോഡി സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ പ്രതിഷേധം കത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുവാഹത്തി സന്ദര്‍ശനം റദ്ദാക്കി. അസമിലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു നരേന്ദ്രമോഡി. പ്രതിഷേധം കണക്കിലെടുത്ത് മോഡി സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

ഗെയിംസിന്റെ മൂന്നാം എഡിഷനാണ് അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നടക്കുന്നത്. ‘അസമിലെ ഇപ്പോഴത്തെ സ്ഥിതി, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഒട്ടും അനുകൂലമല്ല”, എന്ന ഇന്റലിജന്‍സ് വൃത്തങ്ങളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം റദ്ദാക്കിയത്. മോഡി അസമില്‍ സന്ദര്‍ശനം നടത്തിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘ പ്രധാനമന്ത്രി അസമില്‍ സന്ദര്‍ശനം നടത്തണം എന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. അങ്ങനെയെങ്കില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഞങ്ങള്‍ക്ക് പ്രതിഷേധം തുടങ്ങാമല്ലോ. അങ്ങനെ മാത്രമേ, എത്രത്തോളം അസമുകാര്‍ ഈ നിയമത്തിന് എതിരാണെന്ന് മോഡിയെ ഞങ്ങള്‍ക്ക് ബോധ്യപ്പെടുത്താനാകൂ. ആ പ്രക്ഷോഭം കൊണ്ട് ഈ നിയമം നടപ്പാക്കുന്നതില്‍ നിന്ന് മോഡിക്ക് പിന്തിരിയേണ്ടി വരും’ പ്രതിഷേധക്കാര്‍ പറയുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തടസ്സമില്ലെന്നും എത്തുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും ഉണ്ടെന്നുമായിരുന്നു അസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണുണ്ടായത്. മോഡി എത്തിയാല്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ക്ക് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഒരുങ്ങുകയും ചെയ്തു. ഇതേതുടര്‍ന്നാണ് അസം സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കിയത്.

Exit mobile version