തന്റെ ജീവന് ഭീഷണിയുണ്ട്; ഡല്‍ഹിയില്‍ അമിത് ഷായ്‌ക്കെതിരെ ‘ ഗോ ബാക്ക്’ വിളിച്ച മലയാളി പെണ്‍കുട്ടി

പ്രതിഷേധം അറിയിക്കാന്‍ ഇതിലും നല്ല അവസരം ലഭിക്കില്ലെന്ന് തോന്നിയെന്നും സൂര്യ പറഞ്ഞു.

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അമിത് ഷായ്ക്ക് ‘ഗോ ബാക്ക്’ വിളിച്ച മലയാളി പെണ്‍കുട്ടി സൂര്യ രാജപ്പന്‍. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ സൂര്യ ‘ഗോ ബാക്ക്’ വിളിക്കുകയായിരുന്നു.

മുന്‍ കൂട്ടി തീരുമാനിച്ചുറപ്പിച്ച് നടത്തിയ പ്രതിഷേധമായിരുന്നില്ല തന്റേതെന്നും പെട്ടന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും സൂര്യ പറഞ്ഞു. പ്രതിഷേധം അറിയിക്കാന്‍ ഇതിലും നല്ല അവസരം ലഭിക്കില്ലെന്ന് തോന്നിയെന്നും സൂര്യ പറഞ്ഞു.

അമിത് ഷായ്‌ക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച അന്ന് തന്നെ നൂറ്റമ്പതോളം ആളുകള്‍ താമസ സ്ഥലത്തത്തെത്തി പ്രശ്‌നമുണ്ടാക്കിയെന്ന് സൂര്യ പറഞ്ഞു. രക്ഷിതാക്കളെയും സുഹൃത്തുക്കളെയും പോലും കടന്ന് വരാന്‍ അനുവദിക്കാതെ പ്രശ്മുണ്ടാക്കിയെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ ലജ്പത് നഗറില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ല എന്ന് മനസിലാക്കിയാണ് സുഹൃത്തുകളുടെ അടുത്തേക്ക് പോയതെന്നും സൂര്യ വിശദീകരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പ്രചാരണത്തിന് എത്തിയ അമിത് ഷായ്ക്കു നേരെ സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. കൊല്ലം സ്വദേശിനിയാണ് സൂര്യ. ബിജെപിയ്ക്ക് വലിയ ശക്തിയുള്ള പ്രദേശമാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം നടന്ന ഡല്‍ഹിയിലെ ലാജ്പത് നഗര്‍.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയല്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ്, പ്രതിഷേധങ്ങളൊന്നും ഉണ്ടാകാന്‍ ഇടയില്ലാത്ത സ്ഥലമെന്ന നിലയില്‍, ലാജ്പത് നഗര്‍ ഭവനസന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാര്‍ട്ടിക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനെന്ന പേരില്‍ ബിജെപി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികള്‍ ഗോ ബാക്ക് വിളിച്ചത്.

Exit mobile version