കേരളത്തില്‍ എത്തുന്ന അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും; എസ്ഡിപിഐ

കേന്ദ്രമന്ത്രി വി മുരളിധരന്‍ കേരളത്തില്‍ എത്തിയാല്‍ പ്രതിക്ഷേധമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: അമിത് ഷാ കേരളത്തില്‍ എത്തിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ. അമിത് ഷാ എന്ന് കേരളത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം എങ്ങനെയെന്ന് തീരുമാനിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പിഅബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളിധരന്‍ കേരളത്തില്‍ എത്തിയാല്‍ പ്രതിക്ഷേധമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനുള്ള പ്രളയസഹായം നിഷേധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയപകപോക്കലാണ്. അതുകൊണ്ടു തന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തു നടത്തുന്ന മുഴുവന്‍ സര്‍വേകളും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ഈ മാസം 11 മുതല്‍ പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി എസ്ഡിപിഐ ക്യാംപെയ്‌നുകള്‍ ആരംഭിക്കുമെന്നും അബ്ദുള്‍ മജീദ് ഫൈസി അറിയിച്ചു.

അതേസമയം, അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതില്‍ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഇന്നലെ പറഞ്ഞിരുന്നു. അമിത് ഷായ്ക്കെതിരെ ‘ബ്ലാക്ക് വാള്‍’ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഫിറോസിന്റെ പ്രഖ്യാപനം.

ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും പ്രതിഷേധ മതില്‍ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് അമിത് ഷായ്ക്കെതിരെ ബ്ലാക്ക് വാള്‍ തീര്‍ക്കുക. പ്രതിഷേധത്തില്‍ ഒരു ലക്ഷം പേര്‍ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടു.

Exit mobile version