ജെഎന്‍യുവിലെ ആക്രമണം; പിന്നില്‍ എബിവിപിയെന്ന് വിദ്യാര്‍ത്ഥികള്‍, പോലീസും കൂട്ടുനിന്നതായി ആരോപണം

ന്യൂഡല്‍ഹി; ജെഎന്‍യുവില്‍ ഇന്നലെ നടന്ന ആക്രമണത്തിന് പിന്നില്‍ എബിവിപിയാണെന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍. ആക്രമണത്തില്‍ പോലീസും ഒപ്പം നിന്നെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. അതേസമയം അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്നത്.

ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കുന്നതിനൊപ്പം, വിസി രാജിവെക്കുന്നത് വരെയും സമരം തുടരുമെന്നം യൂണിയന്‍ വ്യക്തമാക്കി. വിസി രാജിവെക്കാന്‍ തെയാറായില്ലെങ്കില്‍ പുറത്താക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം രാത്രി ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രണമുവുമായി ബന്ധപ്പെട്ട് ക്യാമ്പസിന് പുറത്തുനിന്നുള്ള നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

അതേസമയം ആക്രമണത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആക്രണത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചിലര്‍ മുഖംമൂടി ധരിച്ചെത്തിയാണ് ക്യാമ്പസില്‍ കയറി ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷയാണ് ക്യാമ്പസിന് ചുറ്റും ഒരുക്കിയത്.

Exit mobile version