ഏറെ നാളുകള്‍ക്ക് ശേഷമാണ് ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടരുന്നത്; പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത ദമ്പതികളെ മോചിതരാക്കി

ലഖ്‌നൗ: ഏറെ നാളുകള്‍ക്ക് ശേഷമാണ് ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിടരുന്നത്. ഇതിന്റെ കാരണം മറ്റൊന്നുമല്ല ചമ്പക്കിന്റെ അച്ഛനും അമ്മയും അടുത്തെത്തിയതിന്റെ സന്തോഷമാണ് ആ ചിരിക്ക് പിന്നില്‍. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജയില്‍ മോചിതരായ രക്ഷിതാക്കള്‍ ആ കുഞ്ഞിന്റെ അടുത്തെത്തുന്നത്.

ഉത്തരപ്രദേശിലെ ആക്ടിവിസ്റ്റുകളായ രവി ശേഖറിന്റെയും ഏക്തയുടെയും 14 മാസം പ്രായമുള്ള മകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ബന്ധുക്കളോടൊപ്പമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ചമ്പക്കിന്റെ അച്ഛനെയും അമ്മയെയും ഡിസംബര്‍ 19-ന് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും വാരണാസിയിലെ ജയിലിലടച്ചു. ഇതോടെ രവിശേഖറിന്റെ സഹോദരന്റെ സംരക്ഷണത്തിലായിരുന്നു ചമ്പക്.

കഴിഞ്ഞദിവസമാണ് രവിശേഖറിനും ഏക്തയ്ക്കും ജാമ്യം കിട്ടിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഇരുവരും മകളെ കാണാന്‍ ഓടിയെത്തി. കഴിഞ്ഞ ഓരോദിവസങ്ങളിലും കടുത്ത മനഃപ്രയാസം അനുഭവിച്ചെന്നായിരുന്നു ഏക്തയുടെ പ്രതികരണം. ‘മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞാണവള്‍, ജയിലില്‍ കഴിയുന്ന ദിവസങ്ങളില്‍ അവളെ കുറിച്ചോര്‍ത്ത് ഏറെ ആശങ്കപ്പെട്ടിരുന്നെന്നും അവര്‍ പറഞ്ഞു.

Exit mobile version