ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ തീപിടിത്തം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് വീണു. കെട്ടടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്നത് വ്യക്തമല്ല.

പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവ സ്ഥലത്ത് മുപ്പത്തിയഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഡല്‍ഹിയിലെ കിരാരിയിലെ വസ്ത്ര ഗോഡൗണിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചിരുന്നു. രാത്രി 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഇതിനിടെ വടക്കന്‍ ഡല്‍ഹിയിലെ റാണി ജാന്‍സി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല്‍പത്തിമൂന്ന് പേര്‍ മരിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഈ അടുത്തായി ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളിലാണ് തീപിടിത്തം ഉണ്ടായത്.

Exit mobile version