പൗരത്വ ഭേദഗതി; ജനരോഷത്തെ പേടിച്ച് അഞ്ച് കിലോമീറ്റര്‍ ഹെലികോപ്റ്ററില്‍ പറന്ന് അസം ധനമന്ത്രി

അന്തരിച്ച ബിജെപി എംഎല്‍എ രാജന്‍ ബോര്‍താക്കൂറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.

അസം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്ന അസമില്‍ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെലികോപ്റ്ററില്‍ പറന്ന് ബിജെപി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ. വെറും അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്കു വേണ്ടിയാണ് ശര്‍മ്മ ഹെലികോപ്റ്ററിനെ ആശ്രയിച്ചത്.

അന്തരിച്ച ബിജെപി എംഎല്‍എ രാജന്‍ ബോര്‍താക്കൂറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. തേസ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗൊരോയ്മാരിയിലാണ് രാജന്‍ ബോര്‍താക്കൂറിന്റെ വീട്. ഇവിടേക്കാണ് അസം മന്ത്രി ഹെലികോപ്റ്ററില്‍ പറന്നത്.

രാജന്‍ ബോര്‍താക്കൂറിന്റെ വീട് മന്ത്രി സന്ദര്‍ശിക്കുന്ന വിവരം അറിഞ്ഞ് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്യു) പ്രവര്‍ത്തകര്‍ ഗൊരോയ്മാരി മേഖലയിലെ നാഷണല്‍ ഹൈവേ 15 ല്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രദേശത്ത് കരിങ്കൊടികളുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

പ്രവര്‍ത്തകരും സാധാരണക്കാരും ഈ മേഖലയിലേക്കു ഒഴുകിയെത്തിയതോടെ കാറില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നു ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹെലികോപ്റ്ററില്‍ യാത്ര തിരിച്ചത്.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ഈ മേഖലയിലൂടെ കടന്നുപോയ ബിജെപി എംഎല്‍എമാരെയും കരിങ്കൊടി കാണിച്ചു.

Exit mobile version