തണുത്ത് വിറച്ച് ഉത്തരേന്ത്യ; ഡല്‍ഹിയില്‍ അതിജാഗ്രതാ നിര്‍ദേശം! വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊടും ശൈത്യത്തില്‍ വലയുകയാണ്. നൂറുവര്‍ഷത്തിനിടെ ഏറ്റവും ശക്തിയേറിയ തണുപ്പാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു. 2.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഡല്‍ഹിയില്‍ അന്തരീക്ഷ താപനില കുറഞ്ഞു. അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റോഡ്, റെയില്‍ ഗതാഗതവും തടസ്സപ്പെട്ട നിലയില്‍ത്തന്നെയാണ്. റോഡില്‍ പലയിടത്തും മുന്നോട്ട് അല്‍പം പോലും കാണാനാകാത്ത സ്ഥിതിയാണ്. മുപ്പത് തീവണ്ടികളാണ് വൈകിയോടുന്നത്.

ഡല്‍ഹി വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ എത്തേണ്ടിയിരുന്ന മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. കൂടുതല്‍ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയായതോടെയാണ് തല്‍ക്കാലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. റണ്‍വേയില്‍ ഇന്ന് പുലര്‍ച്ചെയുള്ള ദൃശ്യപരിധി 50 മീറ്റര്‍ മുതല്‍ 175 മീറ്റര്‍ വരെ മാത്രമാണ്. ഇത് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടത്.

അതേസമയം, യമുന എക്‌സ്പ്രസ് വേ വഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കി.

മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തണുത്ത് വിറയ്ക്കുകയാണ്. ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളില്‍ ഇപ്പോള്‍ പകല്‍ താപനില 12 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പല പ്രദേശങ്ങളിലും തണുപ്പ് രൂക്ഷമാണ്. ഹരിയാണയില്‍ കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില 0.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. പഞ്ചാബ് 2.8, ചണ്ഡീഗഢ് 8.8, രാജസ്ഥാന്‍ മൈനസ് മൂന്ന്, ജമ്മുകശ്മീരിലെ ശ്രീനഗര്‍ മൈനസ് 5.6, പഹല്‍ഗാം മൈനസ് 12 എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ താപനില.

Exit mobile version