മംഗളൂരു പോലീസ് വെടിവെയ്പ്പ്; അന്വേഷണം പുര്‍ത്തിയായിട്ടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബിഎസ് യെദിയൂരപ്പ

മംഗളൂരു: മംഗളൂരു വെടിവെപ്പില്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷമെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബിഎസ് യെദിയൂരപ്പ. കൊല്ലപ്പെട്ട ജലീലും നൗഷീനും മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ പ്രതികളാണ്. ഇരുവരുടെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് യെദിയൂരപ്പ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കരുതെന്ന് ബിജെപി എംഎല്‍എ ബസവനഗൗഡ യെത്‌നാല്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ കൂടുതല്‍ പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ നിരവധി പ്രതിഷേധക്കാര്‍ വ്യത്യസ്ത ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ എത്രപേര്‍ക്കാണ് വെടിയേറ്റത് എന്ന് വ്യക്തമല്ല.

വെടിയുണ്ട ശരീരത്തില്‍ തുളച്ച് കയറിയവരും വെടിയേറ്റ് കൈപ്പത്തിയും തോളെല്ലും തകര്‍ന്നവരും കൂട്ടത്തിലുണ്ട്. മംഗളൂരു മുന്‍ മേയര്‍ കെ അഷ്‌റഫിന് തലയ്ക്കാണ് വെടിയേറ്റത്. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ പ്രഖ്യാപിച്ച
കര്‍ഫ്യൂ പിന്‍വലിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ നേരത്തെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങളൊന്നും കടത്തിവിട്ടിരുന്നില്ല. ചരക്ക് ലോറികളെല്ലാം തലപ്പാടിയില്‍ പിടിച്ചിട്ടതിനാല്‍ ചരക്കുഗതാഗതം നിലച്ചിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച പകല്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു.

Exit mobile version