ഉത്തര്‍പ്രദേശിലെ സംഘര്‍ഷം; വെടിയേറ്റ് മരിച്ചവരുടെ എണ്ണം 20 ആയി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സംഘര്‍ഷത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം 20 ആയി. മുക്കിം എന്ന ആളാണ് ഇന്നലെ വൈകിട്ട് മരിച്ചത്.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിനിടെയാണ് മുക്കിംന് വെടിയേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മുക്കിമിന് വയറിലാണ് വെടിയേറ്റത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫിറോസാബാദില്‍ ഒരു ഫാക്ടറിയിലെ തൊഴിലാളിയാണ് മുക്കിം.

എങ്ങനെ വെടിയേറ്റു എന്നത് വ്യക്തമല്ല. പോലീസ് വെടിവച്ചതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ നാടന്‍ തോക്കുകളുമായാണ് അക്രമികള്‍ എത്തിയതെന്നാണ് പോലീസ് വിശദീകരണം. ബിജ്‌നോറില്‍ ഒരാള്‍ മരിച്ചത് ആത്മരക്ഷാര്‍ത്ഥം പോലീസ് വെടിവെച്ചപ്പോഴാണ് എന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും ഇക്കാര്യം സ്ഥിരീകരിച്ചു.

രാംപൂരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് 28 പേര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. പതിനാല് ലക്ഷം രൂപ വീതം ഈടാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധ്യപ്പെടുത്താനാണ് നോട്ടീസില്‍ പറയുന്നത്. എംബ്രോയിഡറി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്കാണ് നോട്ടീസ്. ഉത്തര്‍പ്രദേശിലെ സംഭവങ്ങളില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുകയാണ്.

Exit mobile version