ദിശാ കേസ്; ഹൈദരാബാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്

രാവിലെ 9 മണിയോടെ ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങും.

ഹൈദരാബാദ്: ഹൈദരാബാദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഡല്‍ഹി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് കൊല്ലപ്പെട്ട നാലു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

രാവിലെ 9 മണിയോടെ ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങും. വൈകീട്ട് അഞ്ച് മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവില്‍ നാലു പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിസംബര്‍ ആറിനാണ് ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ടത്. റീ പോസ്റ്റ്‌മോര്‍ട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടത്. നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ വച്ച് കത്തിച്ചെന്നാണ് കേസ്.

Exit mobile version