പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

'ഓപ്പറേഷന്‍ ഡോള്‍ഫിന്‍സ് നോസ്' എന്ന പേരിലായിരുന്നു അന്വേഷണം നടത്തിയത്

അമരാവതി: പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്.

പ്രതികളെ കഴിഞ്ഞ ദിവസം വിജയവാഡയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഇവരെ ജനുവരി മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ നേവല്‍ ഇന്റലിജന്‍സുമായി ചേര്‍ന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ചാരപ്രവൃത്തി നടത്തിയ നാവികസേനാ ഉദ്യോഗസ്ഥരെ പിടികൂടിയത്. ‘ഓപ്പറേഷന്‍ ഡോള്‍ഫിന്‍സ് നോസ്’ എന്ന പേരിലായിരുന്നു അന്വേഷണം നടത്തിയത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ആന്ധ്രാ പോലീസ് പുറത്തുവിട്ട പത്രകുറിപ്പില്‍ അറിയിച്ചത്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം പിടിയിലായ പ്രതികള്‍ പാകിസ്താന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Exit mobile version