വിദ്യാര്‍ത്ഥികളുടെ വാക്കുകള്‍ സത്യമാക്കി ദൃശ്യങ്ങള്‍; എബിവിപി നേതാക്കള്‍ മലയാളി വിദ്യാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്, ന്യായീകരണവുമായി നേതൃത്വവും

ബിജെപി അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ ഭാരവാഹികളാണ് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചതെന്നാണ് ലഭിക്കുന്ന വിവരം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തില്‍ തങ്ങളെ തല്ലിയത് പോലീസ് മാത്രമല്ല, പുറത്ത് നിന്നുള്ളവരാണെന്ന വെളിപ്പെടുത്തല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന തലത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എബിവിപി നേതാക്കള്‍ മലയാളി വിദ്യാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ബിജെപി അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ ഭാരവാഹികളാണ് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എബിവിപി നേതാക്കള്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കുന്ന മറ്റു നിരവധി വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

എബിവിപി സഹ്ദാര ജില്ലാ കണ്‍വീനര്‍ ജിതേന്ദര്‍ ചൗധരിയും മറ്റു ചില നേതാക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങള്‍. പൗരത്വ നിയമ ഭേദഗതിയെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വിദ്യാര്‍ത്ഥിയോട് എബിവിപി നേതാക്കള്‍ ചോദിക്കുമ്പോള്‍ താന്‍ നിയമത്തെ പിന്തുണയ്ക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥി ഉറച്ച ശബ്ദത്തില്‍ മറുപടിയും നല്‍കുന്നുണ്ട്. ശേഷം വിദ്യാര്‍ത്ഥിയെ ദൂരേയ്ക്ക് കൊണ്ടുപോകാന്‍ മറ്റൊരാളോട് വിദ്യാര്‍ത്ഥി നേതാവ് ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളില്‍ പറയുന്നത്.

സംഭവത്തില്‍ ന്യായീകരണവുമായി നേതൃത്വവും രംഗത്തെത്തി. എബിവിപി പ്രവര്‍ത്തകരായ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തതാണെന്ന് ഭരത് ശര്‍മ്മ പറയുന്നു. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version