ബിജെപിക്ക് കനത്ത വെല്ലുവിളിയായി പൗരത്വ ഭേദഗതി; ‘അമിത് ഷാ രാജിവെയ്ക്കണം’ ട്വിറ്ററില്‍ ട്രെന്‍ഡിങായി ഹാഷ്ടാഗ് പ്രതിഷേധം

മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് മുറുകുന്നത്.

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ മറികടന്ന് നടപ്പിലാക്കിയ ദേശീയ പൗരത്വ ഭേദഗതി ഇപ്പോള്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്. ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ കൂടി രംഗത്തിറങ്ങിയതോടെയാണ് പ്രതിഷേധം രാജ്യമെമ്പാടും ആഞ്ഞടിക്കാന്‍ തുടങ്ങിയത്. ഇതോടെ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ കാര്യവും അവതാളത്തിലാവുകയാണ്.

മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് മുറുകുന്നത്. ട്വിറ്ററില്‍ ഇപ്പോള്‍ ഷായ്‌ക്കെതിരെയാണ് ഹാഷ്ടാഗ് പ്രതിഷേധം നടക്കുന്നത്. ഡല്‍ഹിയിലെ പോലീസ് നടപടിയുടെയും പൗരത്വ ഭേദഗതി ബില്ലിന്റെയും പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സ്വതന്ത്ര ചിന്താഗതിക്കാരുമാണ് രാജി ആവശ്യം ഉന്നയിക്കുന്നത്.

വളരെപ്പെട്ടന്നാണ് അമിത് ഷാ രാജിവെയ്ക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നത്. ഇന്നലെ ജാമിയ നഗറിലുണ്ടായ പ്രതിഷേധത്തിന്റെ പേരില്‍ പോലീസ് ക്യാംപസില്‍ കയറി നടത്തിയ അതിക്രമത്തിനെതിരെ സര്‍വകലാശാലയും രംഗത്ത് വന്നിരുന്നു. പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വൈസ് ചാന്‍സലര്‍ നജ്മ പ്രതികരിച്ചിരുന്നു. താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും പോലീസ് നടപടിക്കെതിരെ നീങ്ങുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്.

Exit mobile version