പൗരത്വ ഭേദഗതി നിയമത്തില്‍ കത്തിയെരിഞ്ഞ് രാജ്യം; ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ക്രിയാത്മകമായ ചര്‍ച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യം പ്രതിഷേധത്താല്‍ കത്തിയെരിയുകയാണ്. ഈ സാഹചര്യത്തില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നാണ് ആഭ്യന്തര മന്ത്രി അറിയിച്ചിരിക്കുന്നത്. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ പൊതുയോഗത്തിനിടെയാണ് ഷായുടെ പരാമര്‍ശം.

‘കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ‘ അമിത് ഷാ പറയുന്നു.

ക്രിയാത്മകമായ ചര്‍ച്ചയിലൂടെ മേഘാലയ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേസമയം, നിയമത്തിനെതിരെ വന്‍ തോതിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ആസാമില്‍ ഉയരുന്ന പ്രതിഷേധത്തിന് പുറമെ, ബംഗാളും ഇപ്പോള്‍ അക്രമാസക്തമാണ്. അഞ്ച് ട്രെയിനുകളും 15 ബസുകളും കത്തിച്ചിരിക്കുകയാണ്.

Exit mobile version