‘ പ്രതികളെ തൂക്കിലേറ്റാന്‍ ഞങ്ങള്‍ തയ്യാര്‍’; നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് പേര്‍

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് പേര്‍ രംഗത്ത് വന്നു.

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് പേര്‍ രംഗത്ത് വന്നു. ഇത് സംബന്ധിച്ച് പതിനഞ്ചിലധികം കത്തുകള്‍ ലഭിച്ചെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ച് കത്തുകളില്‍ രണ്ടെണ്ണം ഇന്ത്യയ്ക്ക് വെളിയില്‍ നിന്നുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 16നാണ് പ്രതികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ പതിനാറിനാണ് ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, ഛത്തീസ്ഗണ്ഡ്, കേരളം, എന്നിവിടങ്ങളില്‍ നിന്നാണ് കത്തുകള്‍ ലഭിച്ചിരിക്കുന്നത്. അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കത്തുകളുമുണ്ട്. തീഹാര്‍ ജയിലില്‍ ആരാച്ചാരില്ല. ഇതിന് മുമ്പ് വധശിക്ഷ നടപ്പിലാക്കിയപ്പോള്‍ മീററ്റ് ജയിലില്‍ നിന്നുള്ള ആരാച്ചാരുടെ സേവനമാണ് ഉപയോഗപ്പെടുത്തിയത്. ആവശ്യമെങ്കില്‍ വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ സഹായം തേടുമെന്നും തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. വന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍.

Exit mobile version