യോഗി ആദിത്യ നാഥ് വരാതെ മൃതദേഹം സംസ്‌കരിക്കില്ല; മുഖ്യമന്ത്രി വരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ഉന്നാവോയില്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബം

ഉന്നാവോയില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വരാതെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍.

ലഖ്നൗ: ഉന്നാവോയില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വരാതെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍.

യോഗി ഉന്നാവോയിലെ വസതിയിലെത്തണമെന്നും അതിനുശേഷം മാത്രമേ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഉന്നാവോ സംഭവത്തില്‍ മുഖ്യമന്ത്രി കര്‍ശനമായ നടപടി പ്രഖ്യാപിക്കണമെന്നും തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പ്രതികരിച്ചു.

മുഖ്യമന്ത്രി വരുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു. മകളെ ഇല്ലാതാക്കിയവരെ ഹൈദരാബാദിലേത് പോലെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പ്രതികരണം. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വന്‍സുരക്ഷാ അകമ്പടിയോടെ ഉന്നാവോയിലെ വസതിയിലെത്തിച്ചത്. 90 ശതമാനവും പൊള്ളലേറ്റതിനാല്‍ മൃതദേഹം ദഹിപ്പിക്കാതെ മറവുചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട് നിര്‍മിച്ചുനല്‍കാനും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.

Exit mobile version