ശബരിമല വിധി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യം; ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍.

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ബിന്ദു അമ്മിണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് ഹാജരാകുക. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ അധ്യക്ഷനായ കോടതിയിലാകും ഇക്കാര്യം ആവശ്യപ്പെടുക.

ശബരിമല അയ്യപ്പദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്‌പ്രേ അടിച്ച് ആക്രമിച്ചിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പെട്ടെന്ന് പോലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കുകയും ചെയ്തു.

എന്നാല്‍ തിരികെപ്പോകില്ലെന്നും ശബരിമല ദര്‍ശനത്തിനാണ് വന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞതോടെ സുരക്ഷ നല്‍കാനാകില്ലെന്ന് പോലീസും നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് ബിന്ദു അമ്മിണിക്ക് മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിക്കുന്നത്.

Exit mobile version