കടലില്‍ ഒഴുകി ഒരു കറുത്ത സ്യൂട്ട്‌കെയ്‌സ്; തുറന്ന് നോക്കിയപ്പോള്‍ കണ്ടത് വെട്ടിനുറുക്കിയ മനുഷ്യശരീരഭാഗങ്ങള്‍, ഞെട്ടിപ്പിക്കുന്ന സംഭവം മുംബൈ മഹിം ബീച്ചില്‍

കറുത്ത നിറത്തിലുള്ള സ്യൂട്ട് കെയ്സ് കടലില്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു

മുംബൈ: മുംബൈയിലെ മഹിം ബീച്ചില്‍ നിന്ന് ലഭിച്ച ഒരു സ്യൂട്ട്‌കെയ്‌സ് ആണ് നഗരത്തെ ഞെട്ടിച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കെയ്‌സില്‍ വെട്ടിനുറുക്കിയ മനുഷ്യശരീരഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്യൂട്ട് കെയ്സ് കടലില്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ശേഷം പോലീസ് എത്തി സ്യൂട്ട്കെയ്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് വെട്ടിനുറുക്കിയ നിലയിലുള്ള മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. തോളില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ കൈയ്യുടെ ഭാഗം, പുരുഷ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍ എന്നിവ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ശാസ്ത്രീയ പരിശോധനയ്ക്കായി ശരീരഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും പോലീസും ചേര്‍ന്ന് സംയുക്തമായി ബാക്കി ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Exit mobile version