ഗോഡ്‌സെ ദേശസ്‌നേഹിയെന്ന പരാമര്‍ശം; പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അമിത് ഷാ

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന് നിലപാടെടുത്ത ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംഭവത്തില്‍ പ്രഗ്യാ സിംഗിനെതിരെ നടപടിയെടുക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന് നിലപാടെടുത്ത ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംഭവത്തില്‍ പ്രഗ്യാ സിംഗിനെതിരെ നടപടിയെടുക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഒപ്പം പ്രഗ്യയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പ്രസ്താവന ചൂണ്ടിക്കാട്ടി ആര്‍ജെഡിയും ഇന്ന് സഭയില്‍ ഇന്ന് നോട്ടീസ് നല്‍കി. അതേസമയം, പ്രഗ്യക്കെതിരെ നടപടി ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തില്‍ ലോക്‌സഭാ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും. രാഷ്ട്രപിതാവിനെ അപമാനിച്ച അംഗത്തിനെ ശാസിക്കണം എന്നാണ് പ്രതിപക്ഷം പ്രമേയത്തില്‍ പറയുന്നത്. ഒപ്പം മാപ്പ് പറയുന്നത് വരെ സഭയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ദ്ദേശിക്കണം എന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ബുധനാഴ്ച നടന്ന എസ്പിജി നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് പ്രഗ്യ സിംഗ് തന്റെ വിവാദ നിലപാട് ആവര്‍ത്തിച്ചത്. ഗോഡ്‌സെ എന്തിനാണ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് എന്ന് വിശദീകരിക്കാന്‍ ശ്രമിച്ച ഡിഎംകെ അംഗം എ രാജയുടെ പ്രസംഗത്തിനിടെയാണ് എതിര്‍പ്പുമായി പ്രഗ്യ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു.

Exit mobile version