തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി; ടിആര്‍എസ് എംപി പാര്‍ട്ടി വിട്ടു, കോണ്‍ഗ്രസിലേക്കെന്ന് സൂചന

ടിആര്‍എസിന് കനത്ത തിരിച്ചടിയാണ് എംപിയുടെ കൊഴിഞ്ഞുപോക്ക്.

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവും എംപിയുമായ വിശ്വേശ്വര്‍ റെഡ്ഡി പാര്‍ട്ടി വിട്ടു. ചെവ്വല്ല മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് വിശ്വേശ്വര്‍ റെഡ്ഡി. പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളില്‍ നിന്ന് അകന്നതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന് പാര്‍ട്ടി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിനയച്ച കത്തില്‍ വിശ്വേശ്വരയ്യ പറഞ്ഞു. വിശ്വേശ്വരയ്യ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് സൂചന.

ടിആര്‍എസിന് കനത്ത തിരിച്ചടിയാണ് എംപിയുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി വിശ്വേശ്വരയ്യ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗതാഗതമന്ത്രി പട്നം മഹേന്ദ്രറെഡ്ഡിയുടെ കുടുംബം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് വിശ്വേശ്വരയ്യയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു

പാര്‍ട്ടി വിടാനുള്ള വിശ്വേശ്വരയ്യയുടെ തീരുമാനം ടിആര്‍എസിന് കനത്ത തിരിച്ചടിയാണ്. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ രാഷട്രീനേതാക്കളിലൊരാളാണ് വിശ്വേശ്വരയ്യ. രണ്ട് എംപിമാര്‍ പാര്‍ട്ടി വിട്ട് പോവാന്‍ സാധ്യതയുണ്ടെന്നും കഴിവുണ്ടെങ്കില്‍ അവരെ പിടിച്ചു നിര്‍ത്താനും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ചന്ദ്രശേഖര്‍ റാവുവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.

Exit mobile version