വന്‍ താരനിരയില്‍ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങില്‍ സംബന്ധിച്ചു.

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. വന്‍ താരനിരയിലാണ് ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞത്. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ വെച്ചാണ് മേളയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്‍കുന്ന സുവര്‍ണ്ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഏറ്റുവാങ്ങി.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങില്‍ സംബന്ധിച്ചു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകന്‍. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ടിന് സമ്മാനിക്കുകയും ചെയ്തു. ഉദ്ഘാടനത്തിനു ശേഷം ശങ്കര്‍ മഹാദേവന്‍ നയിച്ച സംഗീതവിരുന്നും നടന്നു. ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവികിന്റെ ഡെസ്‌പൈറ്റ് ദി ഫോഗാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രമായി ഗുജറാത്തി സംവിധായകന്‍ അഭിഷേക് ഷായുടെ ഹെല്ലാരോ വ്യാഴാഴ്ചയും പ്രദര്‍ശിപ്പിക്കും. കാശ്മീരില്‍ നിന്നുള്ള നൂറയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ആഷിഷ് പാണ്ഡയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള മനു അശോകന്റെ ഉയരെ, ടികെ രാജീവ് കുമാറിന്റെ കോളാമ്പി എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Exit mobile version