ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ സമരവുമായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍; ഇന്ന് പാര്‍ലമെന്റിന് മുന്നിലേക്ക് ലോങ് മാര്‍ച്ച് നടത്തും

ലോങ് മാര്‍ച്ച് രാവിലെ 10 മണിക്ക് ക്യാമ്പസില്‍ നിന്നാണ് ആരംഭിക്കുക

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ സമരവുമായി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍. ഇന്ന് ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിന് മുന്നിലേക്ക് ലോങ് മാര്‍ച്ച് നടത്തും. ലോങ് മാര്‍ച്ച് രാവിലെ 10 മണിക്ക് ക്യാമ്പസില്‍ നിന്നാണ് ആരംഭിക്കുക.

ഭാഗികമായി റദ്ദാക്കിയ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം ജെഎന്‍യു അധികൃതര്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. എന്നാല്‍ വിവിധ ഇനങ്ങളില്‍ സര്‍വീസ് ചാര്‍ജായി ഈടാക്കാനുള്ള തീരുമാനം അധികൃതര്‍ പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ ലോങ് മാര്‍ച്ച് നടത്തുന്നത്.

അതേസമയം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ഫീസ് വര്‍ധനവ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ തീരുമാനം.

Exit mobile version