ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റും കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്തെവാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടെയും മൊഴി എടുത്തു.

Exit mobile version