ചരിത്ര വിധികള്‍ക്ക് പിന്നാലെ ഇന്നും നാളെയും ഡല്‍ഹിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം

ശബരിമലയില്‍ യുവതി പ്രവേശനത്തിന് താല്‍ക്കാലിക സ്‌റ്റേ അനുവദിക്കാതെ വിശാല ബഞ്ചിന് കൈമാറിയതിനാല്‍ തല്‍ക്കാലം സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന ചരിത്ര വിധികള്‍ക്ക് പിന്നാലെ ഇന്നും നാളെയും ഡല്‍ഹിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരും. യോഗത്തില്‍ അയോധ്യവിധിയിലും ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ശേഷമുള്ള സാഹചര്യങ്ങളും ചര്‍ച്ചയായേക്കും.

ശബരിമലയില്‍ യുവതി പ്രവേശനത്തിന് താല്‍ക്കാലിക സ്‌റ്റേ അനുവദിക്കാതെ വിശാല ബഞ്ചിന് കൈമാറിയതിനാല്‍ തല്‍ക്കാലം സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു. വിധിയില്‍ അവ്യക്തത തുടരുന്നതിനാലാണത്. ഈ സാഹചര്യത്തില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമ ഉപദേശവും. അയോധ്യ കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി.

രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അഞ്ചേക്കര്‍ മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാനും വിട്ടു നല്‍കണമെന്നുമായിരുന്നു വിധി. ഇതെല്ലാം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം. കൂാടതെ യോഗത്തില്‍ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന ഘടകം പിബിക്ക് നല്‍കും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചര്‍ച്ചയാവും. ബിജെപിയെ മാറ്റിനിറുത്താന്‍ മറ്റു പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നതിനോട് എതിര്‍പ്പില്ലെന്നാണ് സിപിഎം നയം.

Exit mobile version