11 ലക്ഷം സ്ത്രീധനം നല്‍കി, വേണ്ടെന്ന് തൊഴുകൈയോടെ സിഐഎസ്എഫ് ജവാന്‍; വാങ്ങിയത് 11 രൂപയും തേങ്ങയും മാത്രം, കണ്ണുനിറഞ്ഞ് വധുവിന്റെ പിതാവ്

വിവാഹ ചടങ്ങില്‍ വധുവിന്റെ അച്ഛന്‍ സ്ത്രീധനമായി വച്ചുനീട്ടിയ 11 ലക്ഷമാണ് ജവാന്‍ വേണ്ടെന്ന് വെച്ചത്.

ജയ്പൂര്‍: പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ മാതാപിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സ്ത്രീധനം. ഉള്ളതെല്ലാം വിറ്റുപറുക്കി മകളെ ഒരുത്തന്റെ കൈയില്‍ പിടിച്ചേല്‍പ്പിക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. സ്ത്രീധനം പലയിടത്തും നിരോധിച്ചുവെങ്കിലും ഇപ്പോഴും ആ സമ്പ്രദായ രീതിക്ക് കുറവൊന്നുമില്ല. എന്നാല്‍ ഇവിടെ സ്ത്രീധനത്തിന് മുന്‍പില്‍ മുഖംതിരിച്ചിരിക്കുകയാണ് സിഐഎസ്എഫ് ജവാന്‍.

വിവാഹ ചടങ്ങില്‍ വധുവിന്റെ അച്ഛന്‍ സ്ത്രീധനമായി വച്ചുനീട്ടിയ 11 ലക്ഷമാണ് ജവാന്‍ വേണ്ടെന്ന് വെച്ചത്. ഇദ്ദേഹത്തിന് അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് ബന്ധുക്കളും കൂടി നിന്നവരും. ഇതിനു പുറമെ ഈ ജവാനെ മാതൃകയാക്കണമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയിലും അഭിനന്ദന പ്രവാഹമാണ്. വെച്ച് നീട്ടിയ 11 ലക്ഷത്തിന് പകരം വെറും 11 രൂപയും ഒരു തേങ്ങയുമാണ് സ്വീകരിച്ചത്. നവംബര്‍ എട്ടിന് നടന്ന വിവാഹ ചടങ്ങിലാണ് സിഐഎസ്എഫ് ജവാനായ ജീതേന്ദ്ര സിങ് സ്ത്രീധനം വാങ്ങാതെ മാതൃകയായത്.

തൊഴുകൈയോടെയാണ് സ്ത്രീധനം അദ്ദേഹം വേണ്ടെന്ന് പറഞ്ഞത്. ഇത് കണ്ട വധുവിന്റെ പിതാവില്‍ നിന്നും കണ്ണുനീര്‍ ചാടി. ‘അവള്‍ ജുഡീഷ്യല്‍ സര്‍വീസിലെത്താനുള്ള പരിശീലനത്തിലാണ്. അവള്‍ ഒരു മജിസ്ട്രേറ്റാകുകയാണെങ്കില്‍ എന്റെ കുടുംബത്തിന് ഈ പണത്തേക്കാള്‍ അതാണ് കൂടുതല്‍ വിലപ്പെട്ടത്- വരന്‍ ജിതേന്ദ്ര സിങ്ങിന്റെ സ്ത്രീധനം നിഷേധിച്ചുകൊണ്ട് പറഞ്ഞു. ഇതോടെ കൂടി നിന്നവരും ബന്ധുക്കളും കൈയടിച്ചു.

ജിതേന്ദ്ര സിങ്ങിന്റെ ഭാര്യ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി ഇപ്പോള്‍ ഡോക്ടറേറ്റിനായുള്ള പഠനത്തിലാണ്. മരുമകന്‍ പണം സ്വീകരിക്കാതിരുന്നത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിയെന്ന് വധുവിന്റെ പിതാവ് ഗോവിന്ദ് സിങ് പറയുന്നു. പണം സ്വീകരിക്കാന്‍ വിസമ്മതിച്ചത് കണ്ട് വരന്റെ കുടുംബത്തിന് വിവാഹത്തിന്റെ ഒരുക്കങ്ങളില്‍ എന്തോ അനിഷ്ടമുണ്ടെന്നാണ് താന്‍ കരുതിയത്. പിന്നീടാണ് സ്ത്രീധനത്തോടുള്ള എതിര്‍പ്പാണെന്ന് മനസിലായത്-ഗോവിന്ദ് സിങ് പറയുന്നു.

Exit mobile version