മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാമെന്ന വാഗ്ദാനം നല്‍കിയിട്ടില്ല; ശിവസേനയെ തള്ളി അമിത് ഷാ

ശിവസേനയുമായി സഖ്യമാകാം. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന് അമിത് ഷാ വാക്ക് നല്‍കിയിരുന്നെന്ന ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ അവകാശ വാദം തള്ളി അമിത് ഷാ. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ശിവസേനക്ക് താന്‍ വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രചാരണ പരിപാടികളിലെല്ലാം പറഞ്ഞത് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ്. അന്ന് ആരും ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പുതിയൊരു കാര്യവുമായി ശിവസേന രംഗത്തെത്തിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ശിവസേനയുമായി സഖ്യമാകാം. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംഖ്യ ഉണ്ടെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കണം. ആര്‍ക്കും ഇപ്പോഴും തടസ്സമില്ല. എന്നാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടാമെന്ന ധാരണയിലാണ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നത്. അമിത് ഷായുമായി തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിലൊരു ധാരണയുണ്ടാക്കിയിരുന്നെന്നും, എന്നാല്‍ ബിജെപി വാക്ക് പാലിക്കുന്നില്ല എന്നുമായിരുന്നു ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നത്.

Exit mobile version