ന്യൂഡല്‍ഹി: പശുക്കളെ സംരക്ഷിക്കുന്നതിനായി നഗരങ്ങളില്‍ പ്രത്യേക ഹോസ്റ്റല്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ദേശീയ പശു കമ്മീഷന്. നഗര വികസന മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
പശു ഹോസ്റ്റല്‍ പദ്ധതി രാജ്യത്താകമാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നഗരങ്ങളിലെ പശുക്കളില്‍ നിന്ന് പാല് ഉല്പാദിപ്പിച്ച് വരുമാനം കണ്ടെത്തുന്ന പദ്ധതിയും ആവിഷ്കരിക്കുമെന്നും പശു കമ്മീഷന് ചെയര്മാന് വല്ലഭായ് കത്താരിയ പറഞ്ഞു.
നഗരമേഖലയിലെ സ്ഥലപരിമതി പലരെയും പശുക്കളെ പരിപാലിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ഇതിന് ഒരു പ്രതിവിധിയെന്ന രീതിയിലാണ് പശു ഹോസ്റ്റല്‍. 20-25 ആളുകള്‍ ഒരുമിച്ച് നടത്തുന്നതാണ് പശു ഹോസ്റ്റല്‍. അവരുടെ പശുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനം അവര്‍ക്ക് എടുക്കാം.- ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പശു കമ്മീഷന് ചെയര്മാന് വല്ലഭായ് കത്താരിയ പറഞ്ഞു.
ഹോസ്റ്റലിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭൂമി നല്‍കണമെന്നും, ഗുജറാത്തില്‍ ഈ രീതി പരീക്ഷിച്ച് വിജയം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചാണകവും ഗോമൂത്രവും ബയോഗ്യാസ് പ്ലാന്റ്, കൃഷി എന്നിവക്ക് ഉപയോഗിക്കാമെന്നും പശു കമ്മീഷന് ചെയര്മാന് വ്യക്തമാക്കി.