2016ല്‍ 11,379 കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തു; കണക്കുകള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ

ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം ശരാശരി 948 പേരും പ്രതിദിനം 31 പേരും ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്

ന്യൂഡല്‍ഹി: രാജ്യത്ത് 2016ല്‍ നടന്ന കര്‍ഷക ആത്മഹത്യാ കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ. 2016ല്‍ രാജ്യത്ത് 11,379 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം ശരാശരി 948 പേരും പ്രതിദിനം 31 പേരും ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ 6270 പേര്‍ കര്‍ഷകരും 5109 പേര്‍ കാര്‍ഷിക തൊഴില്‍ ചെയ്യുന്നവരുമാണെന്നാണ് കണക്കുകള്‍.

ഒന്നാം മോഡി സര്‍ക്കാരിന്റെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുറത്തു വിടുന്നത്. അതെസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു. 2014-ല്‍ 12,360 കര്‍ഷകരും 2015-ല്‍ 12,602 കര്‍ഷകരും ആത്മഹത്യ ചെയ്തു.

മൊത്തത്തില്‍ കര്‍ഷക ആത്മഹത്യ 21 ശതമാനം കുറഞ്ഞപ്പോള്‍, ആത്മഹത്യ ചെയ്യുന്ന കര്‍ഷക തൊഴിലാളികളുടെ എണ്ണം 10 ശതമാനം വര്‍ധിച്ചു. കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ആദ്യമായിട്ടാണ് കാരണം വ്യക്തമാക്കാതെ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.

പുരുഷന്മാരായ കര്‍ഷകരാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. സ്ത്രീകളുടെ നിരക്ക് 8.6 ശതമാനമാണ്. റിപ്പോര്‍ട്ട് പ്രകാരം കര്‍ഷക ആത്മഹത്യയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 3,661 പേര്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കി. കര്‍ണാടകയാണ് തൊട്ടുപിന്നില്‍. 2,079 ആത്മഹത്യകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിച്ചു. 2015ല്‍ 1569 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ 2016ല്‍ 2079 പേരായി. ആന്ധ്രയില്‍ കര്‍ഷക ആത്മഹത്യ നേര്‍ പകുതിയായി കുറഞ്ഞു(2015-1347, 2016-645).

Exit mobile version