സമാന രോഗലക്ഷണങ്ങളോടെ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറു കുട്ടികള്‍; ഏഴ് കുട്ടികള്‍ ചികിത്സയില്‍; ആശങ്ക നിറഞ്ഞ് ഒഡീഷ

കുട്ടികള്‍ മരിച്ചതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്.

മല്‍ക്കാംഗിരി: ഒഡീഷയിലെ മല്‍ക്കാംഗിരി ജില്ലയില്‍ രണ്ടാഴ്ചയ്ക്കിടെ സമാന രോഗലക്ഷണങ്ങളോടെ മരണമടഞ്ഞത് ആറു കുട്ടികള്‍. ഇവരെ കൂടാതെ സമാന രോഗലക്ഷണങ്ങളോടെ ഏഴ് കുട്ടികള്‍ ചികിത്സയിലുമാണ്. നിരവധി കുട്ടികളെ മോശം ആരോഗ്യത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കുട്ടികള്‍ മരിച്ചതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അജയ്കുമാര്‍ ബയ്ത പറയുന്നത്. ആറുമാസം മുതല്‍ നാലു വയസു വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തമ്മന്‍പള്ളി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ രക്തം വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ജലദോഷം, പനി, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ മുറിവൈദ്യന്‍മാരുടെ അടുത്ത് കൊണ്ടുപോകുന്നതാണ് മരണങ്ങള്‍ സംഭവിക്കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാ ഫലം വന്നതിനു ശേഷമേ പറയാന്‍ സാധിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version