ഉയരം എട്ടടി രണ്ടിഞ്ച്; താമസ സൗകര്യം ലഭിക്കാതെ ഷേര്‍ ഖാന്‍ അലഞ്ഞ് തിരിഞ്ഞത് മൂന്ന് ദിവസം, ഒടുവില്‍ സഹായം തേടി പോലീസ് സ്‌റ്റേഷനില്‍

താമസിക്കാന്‍ ഒരു മുറി കിട്ടാതെ മൂന്ന് ദിവസത്തോളമാണ് ഷേര്‍ ഖാന്‍ അലഞ്ഞു തിരിഞ്ഞത്.

ലഖ്‌നൗ: അഫ്ഗാനിസ്ഥാന്റെ മത്സരം കാണാന്‍ വേണ്ടി കാബൂളില്‍ നിന്ന് ലഖ്‌നൗവില്‍ എത്തിയ ക്രിക്കറ്റ് ആരാധകന്‍ ഷേര്‍ ഖാന് വിനയായി സ്വന്തം ഉയരം. ഏറെ പ്രയാസപ്പെട്ടാണ് ഷേര്‍ ഖാന്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ എത്തിയപ്പോഴാണെങ്കില്‍ അലഞ്ഞ് തിരിയേണ്ട അവസ്ഥയുമാണ്. ഉയരം കാരണം ഷേര്‍ ഖാന് എവിടെയും താമസ സൗകര്യം ലഭിച്ചില്ല.

എട്ടടി രണ്ടിഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം. ഇതാണ് ഇപ്പോള്‍ വിനയായത്. താമസിക്കാന്‍ ഒരു മുറി കിട്ടാതെ മൂന്ന് ദിവസത്തോളമാണ് ഷേര്‍ ഖാന്‍ അലഞ്ഞു തിരിഞ്ഞത്. ഏതു ഹോട്ടലില്‍ ചെന്നാലും ഷേര്‍ ഖാനെ കാണുമ്പോള്‍ തന്നെ ജീവനക്കാര്‍ മുറിയില്ലെന്ന് പറയുകയാണ്. ഇത്രയും പൊക്കമുള്ള ആള്‍ക്കു തല മുട്ടാതെ താമസിക്കാന്‍ പറ്റിയ സൗകര്യം ഇല്ലെന്നു പറഞ്ഞാണ് പലരും ഷേര്‍ ഖാനോട് നോ പറയുന്നത്.

ഗതികെട്ട് ഒടുവില്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കേണ്ടി വന്നു ഇദ്ദേഹത്തിന്. ശേഷം പോലീസുകാര്‍ ഇടപെട്ടാണ് ഷേര്‍ ഖാന് താമസ സൗകര്യം ഒരുക്കിയത്. വെസ്റ്റിന്‍ഡീസിന് എതിരായ അഫ്ഗാനിസ്ഥാന്റെ ഏകദിന മത്സരം കാണാനാണു ഷേര്‍ ഖാന്‍ ഇന്ത്യയിലെത്തിയത്. കടുത്ത ക്രിക്കറ്റ് പ്രേമി കൂടിയാണ്.

Exit mobile version