ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ചു; പുതിയ തീരുമാനവുമായി യെദ്യൂരപ്പ

ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

ബംഗളൂരു: ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഫോണ്‍, സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാവൂ എന്നാണ് യെദ്യൂരപ്പയുടെ പുതിയ നിര്‍ദേശം.

കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ രാജിവെപ്പിച്ചതിന് പിന്നില്‍ താനാണെന്ന യെദ്യൂരപ്പയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് നടപടി. സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചതിനു പുറമേ, ഓഫീസിലും വീട്ടിലും ജാമറുകള്‍ സ്ഥാപിക്കാനും യെദ്യൂരപ്പ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര നടത്തിയെന്ന് യെദ്യൂരപ്പ സമ്മതിക്കുന്ന വീഡിയോയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ യെദ്യൂയൂരപ്പ സംസാരിക്കുന്നതിനിടെ ചിത്രീകരിച്ചത് എന്ന് കരുതുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. ജെഡിഎസ് എംഎല്‍എയോട് കൂറുമാറാന്‍ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതും യെദ്യൂരപ്പയെ നേരത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

Exit mobile version