പോലീസ്- അഭിഭാഷക സംഘര്‍ഷം; വിശദീകരണം തേടി കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി വളപ്പിലെ പോലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്. വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റും ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടതി സ്വമേധയാ ഇടപ്പെട്ടത്. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെ മറ്റ് മുതിര്‍ന്ന ജഡ്ജിമാരുമായും ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനം എടുത്തത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട്, വാദം ആരംഭിക്കുന്ന മൂന്നുമണിയോടെ കോടതിയില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്.

ഡല്‍ഹി ബാര്‍ കൗണ്‍സിലിനും ഡല്‍ഹി ജില്ലാ കോടതികളിലെ ബാര്‍ അസോസിയേഷനുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് തീസ് ഹസാരി കോടതി വളപ്പില്‍ പോലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

Exit mobile version