ഞങ്ങളുടെ സ്വകാര്യതയെ ബാധിക്കും, ജയലളിതയുടെ ജീവിതം സിനിമയാക്കരുത്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കുടുംബാംഗം

ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബാംഗം രംഗത്ത്. ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഈ സിനിമയോടൊപ്പം ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ ഗൗതം മേനോന്‍ നിര്‍മ്മിക്കാനിരുന്ന വെബ്സീരീസിനെയും ഉള്‍പ്പെടുത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എഎല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി. ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങ് തുടങ്ങാനിരിക്കെയാണ് ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. തമിഴില്‍ തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരു നല്‍കിയിരിക്കുന്നത്.

Exit mobile version