ഡെങ്കിപ്പനി ബാധിച്ച് ഒരു കുടുംബത്തില്‍ നാല് മരണം; രക്ഷപ്പെട്ടത് നവജാത ശിശുമാത്രം

ഹൈദരാബാദ്: ഡെങ്കിപ്പനി ബാധിച്ച് ഒരു കുടുംബത്തില്‍ നാല് പേര്‍ മരിച്ചു. 15 ദിവസത്തിനിടെ ഓരോ ആളുകള്‍ മരണപ്പെടുകയായിരുന്നു. കുടുംബത്തിലെ നവജാത ശിശുമാത്രമാണ് രക്ഷപ്പെട്ടത്. സെക്കന്തരാബാദിലെ മഞ്‌ജേരിയയിലാണ് രോഗത്തെതുടര്‍ന്ന് കൂട്ട മരണം സഭവിച്ചത്.

കുഞ്ഞിന്റെ അച്ഛന്‍ രാജഗട്ടുവാണ് ആദ്യം മരിച്ചത്. രോഗത്തെ തുടര്‍ന്ന് രാജഗട്ടു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ കരിം നഗറിലെ ആശുപത്രിയിലേക്ക് കൊണ്ട് പോവും വഴി മരണപ്പെട്ടത്.

തുടര്‍ന്ന് രാജഗട്ടുവിന്റെ അച്ഛന്‍ രംഗയ്യയയും പനി ബാധിച്ച് മരിച്ചു. പിന്നീട് രാജഗട്ടുവിന്റെ മകള്‍ ശ്രീ വര്‍ഷിണിയും(6) ഡെങ്കി ബാധിച്ച് മരണപ്പെട്ടു.

ഇവരുടെ ഭാര്യ സോണിയയാണ് അവസാനമായി മരണപ്പെട്ടത്. ചൊവ്വാഴ്ച പ്രസവത്തിന് ശേഷം ബുധനാഴ്ചയാണ് സോണിയയുടെ മരണം. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതില്‍ തെലങ്കാന സര്‍ക്കാറിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ജനുവരിയില്‍ 85 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഇപ്പോള്‍ എങ്ങനെ 3800 പേര്‍ക്കായി എന്നും കോടതി ചോദിച്ചു. മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Exit mobile version