ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ തലവന് ജയിലില്‍ വിവാഹം; ചടങ്ങുകള്‍ നടന്നത് മതപരമായി തന്നെ

വിവാഹത്തിന് ഒരുമാസം പരോള്‍ അനുവദിക്കണമെന്ന് മന്‍ദീപ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു.

നാഭ: ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പോരുന്ന ഗുണ്ടാ തലവന്‍ മന്‍ദീപ് സിംഗിന് ജയിലില്‍ വിവാഹം. പഞ്ചാബ് നാഭ ജയിലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തീര്‍ത്തും മതപരമായ ചടങ്ങുകളാല്‍ ആയിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ഒരുമാസം പരോള്‍ അനുവദിക്കണമെന്ന് മന്‍ദീപ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. തുടര്‍ന്ന് ജയിലില്‍ വെച്ച് തന്നെ വിവാഹം നടത്താന്‍ സമ്മതിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ജയിലില്‍ അപൂര്‍വ്വ നിമിഷങ്ങള്‍ അരങ്ങേറിയത്. പവന്‍ദീപ് കൗര്‍ എന്ന യുവതിയാണ് ഗുണ്ടാ തലവന്റെ വധു. കനത്ത സുരക്ഷയിലായിരുന്നു വിവാഹ ചടങ്ങുകള്‍. നാഭ ജയിലിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സാണ് വിവാഹ ചടങ്ങുകള്‍ക്ക് വേദിയായത്. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 6 മണിക്കൂറോളമായിരുന്നു വിവാഹ ചടങ്ങുകള്‍. ജയിലിനുള്ളിലെ ഗുരുദ്വാരയില്‍, സിഖ് മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍.

പുതുവസ്ത്രങ്ങള്‍ ധരിച്ചായിരുന്നു വധൂവരന്മാര്‍ എത്തിയത്. ഗ്രാമത്തലവനെയും അദ്ദേഹത്തിന്റെ അംഗരക്ഷകനെയും കൊലപ്പെടുത്തിയ കേസിലാണ് മന്‍ദീപ് സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മോഗയാണ് മന്‍ദീപിന്റെ സ്വദേശം. മന്‍ദീപിന്റെ ജയില്‍വാസം 10 വര്‍ഷം പിന്നിടുമ്പോഴാണ് വിവാഹം നടക്കുന്നത്. ഇയാളുടെ പിതാവ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. സഹോദരിയും സഹോദരനും വിദേശത്താണ്. ബന്ധുക്കളോടൊപ്പമാണ് അമ്മ താമസിക്കുന്നത്.

Exit mobile version