മദ്യപാനത്തിലൂടെ കുടുംബം നശിക്കുന്നു; തടയിടാന്‍ ശ്രമിച്ച മകളെ അച്ഛന്‍ വെടിവെച്ച് കൊലപ്പെടുത്തി, ദാരുണ സംഭവം ഉത്തര്‍പ്രദേശില്‍

ഇതിനു പിന്നാലെയാണ് മകള്‍ നിതേഷ് കുമാരി പിതാവ് നേം സിംഗിന്റെ മദ്യപാനത്തിന് തടയിടാന്‍ ശ്രമിച്ചത്.

ലഖ്‌നൗ: മദ്യപിക്കുന്നതിന് തടയിടാന്‍ ശ്രമിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സമ്പാല്‍ ജില്ലയിലെ ഭണ്ഡാരി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. അമിത മദ്യപാനത്തിലൂടെ സ്വത്ത് മുഴുവനും പിതാവ് വിറ്റു തുലച്ചു. ഇതിനു പിന്നാലെയാണ് മകള്‍ നിതേഷ് കുമാരി പിതാവ് നേം സിംഗിന്റെ മദ്യപാനത്തിന് തടയിടാന്‍ ശ്രമിച്ചത്.

വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേം സിംഗിന്റെ ഭാര്യ 15 വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷമാണ് നേം സിംഗ് മദ്യപാനം ആരംഭിച്ചത്. ഇളയമകന്‍ സൗരഭ് പിതാവിനോട് മദ്യപാനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം സഹോദരനെ പിന്തുണച്ച് നിതേഷ് കുമാരിയും സംസാരിച്ചിരുന്നു.

സംഭവ ദിവസം രാത്രി സൗരഭ് വീട്ടില്‍ ഇല്ലായിരുന്നെന്നും ഈ സമയം നേം സിംഗ് മകളെ വെടി വെച്ച് വീഴ്ത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് നേം സിംഗിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version