കേരളത്തിലെ ബിജെപി നേതാക്കളെ തള്ളാനുള്ള ‘കുപ്പത്തൊട്ടി’യാണ് ഇപ്പോള്‍ മിസോറാം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറാകുന്ന മലയാളിയാണ് ശ്രീധരന്‍പിള്ള.

ഐസോള്‍: കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറാക്കി നിയമിച്ചത്. ഇപ്പോള്‍ ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസും മിസോ വിദ്യാര്‍ത്ഥി സംഘടനയായ മിസോ സിര്‍ലായ് പോളും (എംഎസ്പി). കേരളത്തിലെ ബിജെപി നേതാക്കളെ തള്ളാനുള്ള ‘കുപ്പത്തൊട്ടി’യാക്കി മിസോറാമിനെ മാറ്റിയെന്നാണ് ആരോപണം.

വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറാകുന്ന മലയാളിയാണ് ശ്രീധരന്‍പിള്ള. മിസോറാമിലെ ജനതയെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി, ഗവര്‍ണര്‍മാരുടെ പിന്‍വാതില്‍ നിയമനത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് മിസോറാം കോണ്‍ഗ്രസ് വക്താവ് ലല്ലിയാന്‍ച്ചുങ്ക ആരോപിച്ചു.

സംസ്ഥാനത്തെ ഗവര്‍ണര്‍മാരെ തള്ളുന്ന കുപ്പത്തൊട്ടിയാക്കി മാറ്റുകയാണെന്നാരോപിച്ച എംഎസ്പി നേതാവ് എല്‍ റാംദിന്‍ ലിയാന റെന്ത്ലെയ്, ഐസോളിലെ രാജ്ഭവനെ രാഷ്ട്രീയക്കാരുടെ കസേരകളി വേദിയാക്കരുതെന്നാവശ്യപ്പെട്ടു. അഞ്ചുവര്‍ഷത്തിനിടെ എട്ട് ഗവര്‍ണര്‍മാരാണ് മിസോറമില്‍ നിയമിക്കപ്പെട്ടത്. ഇതുവരെയും ആരും തന്നെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയത്തിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷനായ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാമിലെ ഗവര്‍ണറായി നിയമിച്ചത്.

Exit mobile version