ശക്തി പ്രാപിച്ച് ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കടുത്ത നിര്‍ദേശം

മഹാരാഷ്ട്രയില്‍ നാളെവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

മുംബൈ: മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചതായി റിപ്പോര്‍ട്ട്. അതിതീവ്ര ചുഴലിയായി മാറിയെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കടുത്ത നിര്‍ദേശവും നല്‍കുന്നുണ്ട്. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 29 ന് കിഴക്കന്‍-മധ്യ അറബിക്കടലിലും ഒക്ടോബര്‍ 28 മുതല്‍ 31 വരെ പടിഞ്ഞാറന്‍ മധ്യ അറബിക്കടലിലും മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ദക്ഷിണ കൊങ്കണ്‍ മേഖലയിലെ രത്‌നഗിരി സിന്ധുദുര്‍ഗ് ജില്ലകളില്‍ കനത്ത മഴയാണ്. മഹാരാഷ്ട്രയില്‍ നാളെവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം ക്യാര്‍ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകില്ല. കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ലെന്നും ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Exit mobile version