മഹാരാഷ്ട്രയില്‍ സിപിഎമ്മിന് ആവേശ വിജയം; ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

4231 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.

മുംബൈ: മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് സിപിഎം. പാല്‍ഗാര്‍ ലോക്‌സഭ സീറ്റില്‍ ഉള്‍പ്പെടുന്ന ഡഹാണു സീറ്റാണ് സിപിഎം പിടിച്ചെടുത്തത്. ബിജെപിയുടെ ദനാരെ പാസ്‌കലിനെ പരാജയപ്പെടുത്തിയാണ് സിപിഎം നേതാവ് വിനോദ് ഭിവാ നികോലെ വിജയിച്ചത്.

4231 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. ഇതേ സീറ്റില്‍ മത്സരിച്ച എംഎന്‍എസ് സ്ഥാനാര്‍ത്ഥിക്കാണ് മൂന്നാം സ്ഥാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു ഈ മണ്ഡലം. എന്നാല്‍ പിന്നീട് ഇത് എന്‍സിപി പിടിച്ചെടുത്തു. പിന്നാലെ ഈ മണ്ഡലം ബിജെപിയും സ്വന്തമാക്കി.

ഇതാണ് സിപിഎം തിരിച്ചുപിടിച്ചിരിക്കുന്നത്. അതേ സമയം മഹാരാഷ്ട്രയിലെ സിപിഎമ്മിന്റെ ഏക സീറ്റായിരുന്ന കല്‍വാന്‍ മണ്ഡലത്തില്‍ സിപിഎം പരാജയപ്പെട്ടു.

മഹാരാഷ്ട്രയില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപി-ശിവസേന സഖ്യം നിറംമങ്ങിയ വിജയമാണ് കൈവരിച്ചത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞ തവണത്തെ 122 എന്ന സംഖ്യയുടെ അടുത്തെത്താന്‍ പോലും ബിജെപിക്ക് കഴിഞ്ഞില്ല.

Exit mobile version