ആംബുലന്‍സ് ലഭിച്ചില്ല, ചികിത്സ ലഭിക്കാനും വൈകി; പ്രസവത്തെ തുടര്‍ന്ന് നടിയും നവജാത ശിശുവും മരിച്ചു, പോലീസ് കേസെടുത്തു

പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രസവിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു.

മുംബൈ: പ്രസവശേഷം വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് നടിയും നവജാത ശിശുവും മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് താരവും കുഞ്ഞും മരിച്ചത്. മറാത്തി സിനിമ–ടിവി താരമായ പൂജ ഛുഞ്ജാറും (25) കുഞ്ഞുമാണ് മരിച്ചത്. പ്രസവവേദന ആരംഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി രണ്ട് മണിയോടെ പൂജയെ ഗോരേഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു.

പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രസവിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായ പൂജയെ ഹിംഗോളി സിവില്‍ ആശുപത്രിയിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ആംബുലന്‍സ് ലഭ്യമാക്കി 40 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും യാത്രയ്ക്കിടെ രാവിലെ ആറരയോടെ പൂജയും മരണപ്പെടുകയായിരുന്നു.

ആശുപത്രിയിലെത്തിക്കാന്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിക്കാതിരുന്നതാണ് ഇരുവരുടെയും ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ലഭിക്കാതിരുന്നതും സ്വകാര്യ ആംബുലന്‍സ് ലഭ്യമാകാന്‍ വൈകിയതും പൂജയുടെ മരണത്തിന് കാരണമായെന്നും ബന്ധുക്കള്‍ തുറന്നടിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൂജ രണ്ട് മറാത്തി സിനിമകളില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.

Exit mobile version