ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

ശനിയാഴ്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലഖ്‌നൗ: ഹിന്ദു മഹാസഭ മുന്‍ നേതാവും ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായ കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ അറസ്റ്റിലായെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ നാഗ്പൂരില്‍ നിന്നും ഒരാളെ കൂടി മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുജറാത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അഞ്ച് പ്രതികളെ പിടികൂടിയത്. മൂന്ന് പേരെ ഗുജറാത്തില്‍ നിന്നും രണ്ട് പേരെ യുപിയിലെ ബിജിനോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

യുപിയില്‍ നിന്ന് അറസ്റ്റിലായ രണ്ട് പേര്‍ മുസ്ലിം പുരോഹിതരാണ്. മൗലാന മൊഹ്‌സിന്‍ ഷെയ്ഖ് (24), റഷീദ് അഹമ്മദ് പഠാന്‍ (23), ഫൈസാന്‍ (21) എന്നിവരെയാണ് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. റഷീദ് പഠാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. മുഹമ്മദ് മുഫ്തി നയീം, അന്‍വറുള്‍ ഹഖ് എന്നിവരാണ് ബിജ്‌നോറില്‍ നിന്ന് അറസ്റ്റിലായ മതപുരോഹിതര്‍.

സ്ഥലത്ത് നിന്ന് കിട്ടിയ ഒരു മിഠായിപ്പൊതിയുടെ വിലാസം തിരക്കിയതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് തുമ്പ് കിട്ടിയതെന്നും ഒപ്പം കമലേഷ് തിവാരിയുടെ ഭാര്യയുടെ മൊഴി നിര്‍ണായകമായെന്നും പോലീസ് വ്യക്തമാക്കി.

2015-ല്‍ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് യുപി പോലീസ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി. കേസില്‍ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് നേട്ടമാണെന്നും, കേസില്‍ തീവ്രവാദ ബന്ധമുള്ളതായി ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു

Exit mobile version