മോഡിക്ക് കത്തെഴുതി; ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കി സര്‍വകലാശാലയുടെ പ്രതികാര നടപടി

2019 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ട ലംഘനം നടത്തിയെന്ന് കാണിച്ചാണ് ഈ പ്രതികാര നടപടി.

മുംബൈ: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ മോഡിക്ക് കത്തെഴുതിയ ആറ് വിദ്യര്‍ത്ഥികളെ മഹാരാഷ്ട്രയിലെ വാര്‍ധ സര്‍വകലാശാല പുറത്താക്കി. മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. 2019 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ട ലംഘനം നടത്തിയെന്ന് കാണിച്ചാണ് ഈ പ്രതികാര നടപടി.

ധര്‍ണ്ണയും പ്രകടനവും നടത്തിയെന്ന് കാണിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. നൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ സംബന്ധിച്ചുവെങ്കിലും ദളിത്, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് പുറത്താക്കിയവര്‍ പറയുന്നു.

സര്‍വകലാശാലയുടെ നടപടിക്കെതിരെ പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനാ കൂട്ടായ്മയായ ഐസ ആഹ്വാനം ചെയ്തു. പ്രതികരിക്കാനുള്ള അവകാശമാണ് തടയുന്നത്. ഉന്നാവ് ബലാത്സംഗം, ചിന്മയാനന്ദിന്റെ പീഡനക്കേസ്, കാശ്മീര്‍ വിഷയം, തബ്റേസ് അന്‍സാരിയുടെ ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പ്രതിഷേധിച്ചത്. മോഡിക്ക് കത്തയക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നടപടി കൈകൊണ്ടത്.

Exit mobile version