കുട്ടികള്‍ക്ക് ചോറും പരിപ്പും; അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച ഉദ്യോഗസ്ഥന് സ്‌പെഷ്യല്‍ കോഴിക്കറി; ഒടുവില്‍ സസ്‌പെന്‍ഷന്‍

ഉച്ച ഭക്ഷണ സമയത്ത് കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കിയ സമയത്ത് അവര്‍ക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് നടപടി.

ഒഡിഷ: സ്‌കൂള്‍ സന്ദര്‍ശനത്തിന് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാരണം വേറൊന്നുമല്ല. ഉച്ച ഭക്ഷണ സമയത്ത് കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കിയ സമയത്ത് അവര്‍ക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് നടപടി. സുന്ദര്‍ഗാവ് ജില്ലാ കളക്ടര്‍ നിഖില്‍ പവന്‍ കല്യാണിന്റേതാണ് നടപടി.

ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ ബിനയ് പ്രകാശ് സോയ്‌യെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഇയാള്‍ കോഴിക്കറി കഴിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതിന് സോയ്‌ക്കെതിരെ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് ബോണ്‍യിലുളള പ്രാഥമിക വിദ്യാലയത്തില്‍ നടത്തിയ സന്ദര്‍ശനത്തിന് ഇടയിലായിരുന്നു സംഭവം. പ്രധാനാധ്യാപകന്‍ തുപി ചന്ദന്‍ കിസനും മറ്റ് അധ്യാപകരും ചേര്‍ന്ന് മികച്ച സ്വീകരണമാണ് സോയ്ക്ക് സ്‌കൂളില്‍ ഒരുക്കിയത്.

കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കണമെന്ന സോയ് ആവശ്യപ്പെടുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു. അധ്യാപകരും സോയ്‌ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കെല്ലാം കോഴിക്കറിയും സാലഡും നല്‍കുകയും കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കുകയുമായിരുന്നു.

എന്നാല്‍ കഴിച്ചത് കോഴിക്കറിയല്ലെന്നും വിദ്യാലയത്തിലെ ഒരു അധ്യാപിക വീട്ടില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറിയാണെന്നുമാണ് സോയ് വാദിക്കുന്നത്.

Exit mobile version