വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ് അതിനാല്‍ നിങ്ങള്‍ക്ക് റൂമില്ല; വിവേചനം കാണിച്ച് ജയ്പൂരിലെ ഒരു ഹോട്ടല്‍

വ്യത്യസ് മതത്തില്‍പ്പെട്ട യുവതിക്കും യുവാവിനും റൂം നല്‍കിയില്ല. ജയ്പൂരിലുള്ള ഹോട്ടലാണ് ഈ വിവേചനം കാട്ടിയത്. ഉദയ്പൂര്‍ സ്വദേശിയായ അസിസ്റ്റന്റ് പ്രൊഫസര്‍ക്കും(31) അദ്ദേഹത്തിന്റെ സുഹൃത്തിനുമാണ് ഹോട്ടലുകാര്‍ റൂം നിഷേധിച്ചത്. രണ്ട് മതക്കാര്‍ ആയതിനാല്‍ റൂം നല്‍കില്ലെന്ന് ഹോട്ടലുകാര്‍ പറഞ്ഞെന്ന് ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. യുവാവും സുഹൃത്തായ യുവതിയും ഓയോ ആപ്പ് വഴിയാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. എന്നാല്‍ ഒരാള്‍ ഹിന്ദുവും മറ്റെയാള്‍ മുസ്ലിമും ആയതിനാല്‍ റൂം തരാന്‍ പറ്റില്ലെന്ന് ഹോട്ടലുകാര്‍ പറയുകയായിരുന്നു.

”ഞാന്‍ ശനിയാഴ്ച രാവിലെ 8-9 മണിയോടെ ജയ്പൂരിലെത്തി, എന്റെ സുഹൃത്ത് പിന്നീട് ഡല്‍ഹിയില്‍ നിന്ന് എത്തിച്ചേരേണ്ടതായിരുന്നു. റിസപ്ഷനിസ്റ്റ് എന്നോട് ചെക്ക് ഇന്‍ ചെയ്യേണ്ട സുഹൃത്തിന്റെ വിവരങ്ങള്‍ ചോദിച്ചു. ഞാന്‍ അവര്‍ക്ക് എന്റെ സുഹൃത്തിന്റെ പേര് നല്‍കി, എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അവര്‍ എന്നോട് പറഞ്ഞു ‘സര്‍ ഒരു പ്രശ്‌നമുണ്ട്. നിങ്ങള്‍ രണ്ടുപേരും വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരാണ്, അതുകൊണ്ട് നിങ്ങളെ ഹോട്ടലില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുകയില്ലന്ന് റിസപ്ഷനിസ്റ്റ് തന്നോട് പറഞ്ഞതായി അസിസ്റ്റന്റ് പ്രൊഫസര്‍ വ്യക്തമാക്കി.

അത്തരമൊരു നിയമമൊന്നുമില്ല, ആപ്ലിക്കേഷനിലോ ഹോട്ടല്‍ വെബ്സൈറ്റിലോ – അത് എവിടെയും പറഞ്ഞിട്ടില്ല – ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്ക് വിരുദ്ധമാണെന്ന് ഹോട്ടലുകാരോട് പറഞ്ഞെങ്കിലും ലോക്കല്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം മാത്രമാണ് തങ്ങള്‍ ഇങ്ങിനെ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. ഇത് രേഖാമൂലം നല്‍കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചു… അദ്ദേഹം പറഞ്ഞു.

”നമ്മള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കാനുള്ള ഈ ധാരണ ഇപ്പോഴും ആളുകള്‍ക്കുണ്ടോയെന്ന് തനിക്കറിയില്ലെന്നും സുഹൃത്ത് പറഞ്ഞു. എന്നാല്‍ ഭിന്നമതത്തില്‍ പെട്ടവരായതുകൊണ്ടല്ല, പൊലീസ് നിര്‍ദ്ദേശപ്രകാരമാണ് യുവാവിനും സുഹൃത്തിനും അനുമതി നിഷേധിച്ചതെന്ന് ഹോട്ടല്‍ മാനേജര്‍ ഗോവര്‍ദ്ധന്‍ സിംഗ് പറഞ്ഞു. അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പോലീസിന്റെ പേരില്‍ ഹോട്ടലുകാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയ്പൂര്‍ പൊലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.

Exit mobile version