തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം; മുഖ്യ സൂത്രധാരന്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാവ്

തെലുങ്കു സിനിമാ നിര്‍മ്മാതാവും, കള്ളക്കടത്തുകാരനുമായ മുരുകനാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. തെലുങ്കു സിനിമാ നിര്‍മ്മാതാവും, കള്ളക്കടത്തുകാരനുമായ മുരുകനാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസം തിരുവാരൂരില്‍ നിന്ന് പോലീസ് പിടികൂടിയ മണികണ്ഠനാണ് മുരുകനെക്കുറിച്ച് മൊഴി നല്‍കിയത്. മണികണ്ഠനെ കൂടാതെ സുരേഷിനെയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സുരേഷ് മുരുകന്റെ സഹായിയാണെന്നും, മുരുകന്‍ നിര്‍മ്മിച്ച തെലുങ്ക് സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ടെന്നും മണികണ്ഠന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തിരുവാരൂരില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മണികണ്ഠനും, സുരേഷും പോലീസിന്റെ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു. മോഷണം പോയ ജ്വല്ലറിയിലേതാണ് സ്വര്‍ണ്ണം എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version